ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ ഏഴു രാജ്യസഭാംഗങ്ങളെ ഒരുമിച്ച് ബിജെപിയിലെത്തിച്ച ഓപ്പറേഷൻ താമരയ്ക്കു നടപ്പാക്കിയതു ഗറില്ലാ മോഡൽ യുദ്ധ തന്ത്രം.
ഒളിവിൽ പതിയിരുന്ന് എതിരാളിയെ ആക്രമിച്ചു കീഴ്പ്പെടുത്തി ശക്തി നേടുന്നതിൽ ബിജെപി ഒരിക്കൽ കൂടി മുന്നിലെത്തി. കഴുകനെപ്പോലെ പതിയിരുന്നു കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്ന ലാഘവത്തോടെയാണ് ഉടക്കി നിന്നവരെയും കേജരിവാളിന്റെ വിശ്വസ്തരായിരുന്നവരെയും അടക്കം ബിജെപി റാഞ്ചിയത്.
ഡൽഹിയിൽ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും ശ്രദ്ധ പശ്ചിമബംഗാളിൽ ആയിരുന്നപ്പോഴാണ് അതീവരഹസ്യമായി ബിജെപി അതിന്റെ "സിഗ്നേച്ചർ ഗറില്ലാ യുദ്ധ ശൈലി’ പുറത്തെടുത്തത്.
ആഭ്യന്തരമന്ത്രി അമിത് ഷാ കോൽക്കത്തയിൽ ക്യാന്പ് ചെയ്തു ഡൽഹിയിൽ നടപ്പാക്കിയ രാഷ്ട്രീയ അട്ടിമറിയുടെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ വലുതാണ്. മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയും സമ്മർദങ്ങളിലൂടെയുമാണ് എംപിമാരെ വശത്താക്കിയത്.
അയോഗ്യത ഒഴിവാക്കാനാവശ്യമായ ഏഴ് എംപിമാരെ സംഘടിപ്പിക്കാനായിരുന്നു കാലതാമസം. അടുത്ത വർഷത്തെ പഞ്ചാബ്, ഗോവ, ഗുജറാത്ത്, യുപി നിയമസഭാ തെരഞ്ഞെടുപ്പുകൾ മുതൽ 2019ലെ ലോക്സഭ വരെയുള്ള തെരഞ്ഞെടുപ്പുകൾക്കുള്ള തയാറെടുപ്പു കൂടിയാണു നിശബ്ദമായി ബിജെപി നടപ്പിലാക്കിയത്.
പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പുരിലും 2027 ഫെബ്രുവരിയിലാണു നിയമസഭാ തെരഞ്ഞെടുപ്പ്. അടുത്ത വർഷം മേയിൽ യുപി തെരഞ്ഞെടുപ്പുണ്ട്.
2027 നവംബറിലാകും മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഹിമാചൽ, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകൾ. അതിജീവനത്തിനായുള്ള പോരാട്ടമാകും ഇനി എഎപിയുടേത്.